ശബരിമല സ്വർണക്കൊള്ളക്കേസ്; 2025ലും ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് എസ്ഐടി റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട് ഹൈക്കോടതിയിൽ. 2019ൽ സംഭവിച്ച വീഴ്ചകൾ പോലെ തന്നെ 2025ലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതരമായ ഭരണപരമായ വീഴ്ചകൾ സംഭവിച്ചതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പി.എസ്. പ്രശാന്ത് ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി മാറ്റിയത് വലിയ വിവാദമായത്. ഈ കാലയളവിലാണ് സ്വർണക്കൊള്ള സംബന്ധിച്ച ആരോപണങ്ങളും ശക്തമായത്.
എസ്ഐടി അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്.പി എസ്. ശശിധരൻ കോടതിയിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു. ലക്ഷ്മീരൂപം കൊത്തിയ സ്വർണം പതിപ്പിച്ച ആർച്ച് രൂപത്തിലുള്ള പ്രഭാമണ്ഡലത്തിന് സമീപമുള്ള കട്ടിളപ്പാളികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഏത് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കണമെന്ന വിവരവും സീലുവച്ച കവറിൽ കോടതിക്ക് കൈമാറി.
തൊണ്ടിമുതൽ ലഭ്യമല്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ നിർണായകമാകും. സ്വർണനഷ്ടത്തിന്റെ യഥാർത്ഥ അളവ് നിർണയിക്കുന്നതിലും കോടതിയുടെ തുടർനടപടികളിലും ഈ പരിശോധനാ റിപ്പോർട്ട് നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സ്വർണക്കൊള്ളക്കേസിലെ പ്രതിപ്പട്ടിക വിപുലീകരിക്കണോ എന്ന കാര്യത്തിലും ഹൈക്കോടതി ഉടൻ തീരുമാനം കൈക്കൊള്ളാൻ സാധ്യതയുണ്ട്. കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നതിനാൽ ദേവസ്വം ബോർഡിനും അന്വേഷണ ഏജൻസികൾക്കും മേൽ സമ്മർദ്ദം ശക്തമാകുകയാണ്.



