മാണി സി കാപ്പന് ആശ്വാസം; ചെക്ക് കേസിൽ ജാമ്യമില്ലാ വാറണ്ട് പിൻവലിച്ച് മുംബൈ കോടതി

കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പന് ശിക്ഷ വിധിച്ചതിന് ശേഷം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ആയിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്. ഇത് മാണി സി കാപ്പൻ എംഎൽയ്ക്ക് ആശ്വാസമായി. കേസിൽ വിധി പ്രസ്താവിച്ച സമയത്ത് മാണി സി കാപ്പൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതോടെയാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചത്. കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. ഇതിനായി 30 ദിവസത്തെ സാവകാശം ലഭിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
അതേസമയം കേസിൽ മാണി സി കാപ്പൻ എംഎൽഎ ശിക്ഷിക്കപ്പെട്ട സംഭവം പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമാണെന്നായിരുന്നു വിധി വന്ന ശേഷം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പ്രതികരണം. എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്ന് കാപ്പൻ തന്നെ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.




