ദുൽഖർ സൽമാന്റെ ഓണച്ചിത്രം ‘ഐ ആം ഗെയിം’ റിലീസ് മാറ്റിവച്ചു; പുതിയ തീയതി ഉടൻ

ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ബിഗ് ബഡ്‌ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ റിലീസ് തീയതി മാറ്റിവച്ചു. ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനി സെപ്‌തംബർ മൂന്നിന് ലോകമെമ്പാടും റിലീസ് ചെയ്യും. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതൽ തിയേറ്ററുകൾ ലഭിക്കാനാണ് റിലീസ് തീയതി മാറ്റിയതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ഒരേസമയം പ്രദർശനത്തിനെത്തും. കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കാനും മികച്ച തിയേറ്റർ അനുഭവം ഒരുക്കാനുമാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. കാത്തിരിപ്പ് അൽപം നീളുമെങ്കിലും ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
താരത്തിന്റെ കരിയറിലെ വമ്പൻ ക്യാൻവാസിലൊരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മാണം. ദക്ഷിണേന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തുന്നത്.
ആന്റണി വർഗീസ്, വിനയ് ഫോർട്ട്, മിഷ്‌കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയും സിനിമയിൽ അണിനിരക്കുന്നുണ്ട്.സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സീ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു.




