
ഹരിപ്പാട്: പത്ത് വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിന് വിരാമമിട്ട് ജനങ്ങൾ ‘ഗുഡ് ബൈ’ പറയുന്ന ദിനമാണ് ഇന്നെന്ന് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മണ്ണാറശാല യു.പി.എസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലുടനീളം യുഡിഎഫ് അനുകൂല തരംഗമാണ് കാണുന്നത്. പുതിയൊരു രാഷ്ട്രീയ വെളിച്ചത്തിലേക്ക് കേരളം കടക്കുമെന്നും യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാറ്റം ആഗ്രഹിക്കുന്ന ജനത: വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ വലിയ തിരക്ക് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. പിണറായി സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ബിജെപി-സിപിഎം സഖ്യം: ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ എല്ലാ സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധാർമ്മിക തിരഞ്ഞെടുപ്പ്: ബിജെപി ജനാധിപത്യത്തിന് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. വോട്ട് പിടിക്കാനായി പണം, സാരി, കിറ്റ് എന്നിവ വിതരണം ചെയ്യുന്നത് അപലപനീയമാണെന്ന് ചെന്നിത്തല ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ വഴിത്തിരിവാകും ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിചേർത്തു.




