News

എംഎൽഎ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: എംഎൽഎ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. രാജിവയ്ക്കുന്ന കാര്യം ആലോചനയിൽപ്പോലും ഇല്ലെന്നാണ് അദ്ദേഹം ഒരു സ്വകാര്യചാനലിനോട് പ്രതികരിച്ചത്. പരാതിയോ കേസോ ഉണ്ടായിട്ടില്ലെങ്കിലും ആരോപണം ഉയർന്ന സാഹചര്യത്തിൽ തന്നെ പാർട്ടിയിലെ സ്ഥാനം രാജിവച്ച് മാറിനിൽക്കുന്നു. ഈ സാഹചര്യത്തിൽ എംഎൽഎ സ്ഥാനംകൂടി രാജിവയ്ക്കണം എന്ന ആവശ്യത്തിൽ ഒരു കഴമ്പുമില്ല.

ആരോപണത്തെ സംബന്ധിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങളെക്കുറിച്ച് നേതൃത്വത്തെ അറിയിക്കാനുള്ള സാഹചര്യം വരുന്നതേയുള്ളൂ. എല്ലാ കാര്യങ്ങളും അവരെപ്പറഞ്ഞ് ബോദ്ധ്യപ്പെടുത്തും എന്നും രാഹുൽ പറഞ്ഞതായാണ് റിപ്പോർട്ട്. അടുരിലെ വീട്ടിൽ കഴിയുന്ന രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ മാദ്ധ്യമങ്ങളെ കണ്ടേക്കും എന്നും റിപ്പോർട്ടുണ്ട്.

അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന പ്രചാരണം വളരെ ശക്തമാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന അവസരത്തിൽ രാഹുൽ രാജിവച്ചൊഴിഞ്ഞാൽ അത് കോൺഗ്രസിനും യുഡിഎഫിനും ക്ലീൻ ഇമേജുണ്ടാക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എൽഡിഎഫിലെ ആരോപണ വിധേയർ രാജിവയ്ക്കാതിരിക്കുന്ന സന്ദർഭത്തിൽ ഇത് പാർട്ടിക്ക് ബോണസ് മാർക്ക് നൽകും എന്നും അവർ കണക്ക് കൂട്ടുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണവും രാജിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരോപണങ്ങളിൽ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.എന്നാൽ രാഹുലിനെയും ന്യായീകരിക്കുന്ന നിലപാടാണ് ഷാഫി പറമ്പിൽ എം പി നടത്തിയത്. വിഷയത്തിൽ അദ്ദേഹം മാദ്ധ്യമങ്ങളെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തുകയും ചെയ്തു.

‘രാഹുൽ രാജിവച്ചത് പോലെ ഏതെങ്കിലും സിപിഎം നേതാക്കളാണ് രാജിവച്ചതെങ്കിൽ മാദ്ധ്യമങ്ങൾ ധാർമികതയുടെ ക്ലാസെടുക്കുമായിരുന്നു. ഒരു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇങ്ങനെ ഒരു ആരോപണം ഉയർന്നപ്പോൾ രാജിസന്നദ്ധത സ്വമേധയ പാർട്ടിയെ അറിയിച്ചു. നേതൃത്വം മറ്റ് പാർട്ടികൾ പിന്തുടരുന്ന അതേ ശൈലി തുടരാതെ ആ തീരുമാനത്തെ ശരിവയ്ക്കുകയും ഉത്തരവാദിത്തപ്പെട്ട പദവിയിൽ നിന്ന് ഒഴിയുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനം പാർട്ടി അംഗീകരിച്ചു. പദവി ഒഴിഞ്ഞിട്ടും കോൺഗ്രസ് എന്തു ചെയ്തു എന്ന കുറ്റപ്പെടുത്തലുകൾ കേരളത്തിലെ ജനങ്ങൾ വിലയിരുത്തുന്നുണ്ട്’ എന്നാണ് ഷാഫി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button