News

വിജയ്‌യുടെ നിർദ്ദേശത്തിൽ ‘ശുദ്ധികലശം’,​ ടിവികെയിൽ അപ്രതീക്ഷിത നീക്കം:​ രണ്ട് മന്ത്രിമാർ പുറത്തേക്ക്?​

ചെന്നൈ: തമിഴ്നാട്ടിൽ ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിടുന്നതിനിടെ നിർണായക മാറ്റങ്ങൾ നടപ്പിലാക്കാൻ സാദ്ധ്യത. പ്രാദേശിക റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിൽ, വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെ നീക്കിയേക്കും. മാനവവിഭവശേഷി മന്ത്രി ഡി ശരത്കുമാറും സാമൂഹികക്ഷേമ, വനിതാ ശാക്തീകരണ മന്ത്രി കെ ജഗദീശ്വരിയും അടുത്തിടെ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഇവരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ശുദ്ധികലശം ചെയ്യാനാണ് വിജയ് പദ്ധതിയിടുന്നത്.

ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ട് ചെയ്യാൻ പണം വിതരണം ചെയ്തതായി ആരോപിച്ച് മന്ത്രി ഡി ശരത്കുമാറിനെതിരെ ഈ ആഴ്ച ആദ്യം പരാതി ലഭിച്ചിരുന്നു. ശരത്കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പണം വിതരണം ചെയ്യുന്ന വീഡിയോ വൈറലായതിനെത്തുടർന്ന്, ഇലക്ഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ പ്രതിനിധി വിസാരണൈ നഗർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ഒരു പരാതി നൽകിയിരുന്നു.

കൂടാതെ, മന്ത്രി ശരത്കുമാർ ഒരു എടിഎം കാർഡ് ഉപയോഗിച്ച് വെളുത്ത വസ്തു പൊടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അന്വേഷണവും നേരിടുന്നുണ്ട്. മന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നത്. എന്നാൽ ഈ ആരോപണങ്ങൾ അദ്ദേഹം തള്ളിയിരുന്നു. മരുന്ന് പൊടിക്കുന്ന രണ്ട് വർഷം പഴക്കമുള്ള വീഡിയോ മനഃപൂർവ്വം തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.മന്ത്രി ജഗദീശ്വരിയുടെ പേരിലെ വിവാദവും പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്.

സർക്കാർ പരിപാടിയുടെ ബാനറിൽ തന്റെ പേര് രണ്ടാമതായി എഴുതിയതിൽ പ്രതിഷേധിച്ച് ജില്ലാ കളക്ടറോട് പരസ്യമായി മന്ത്രി ക്ഷോഭിച്ചത് വലിയ വിവാദമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത മറ്റൊരു മന്ത്രിയായ കീർത്തനയുടെ പേര് ബാനറിൽ ആദ്യവും ജഗദീശ്വരിയുടെ പേര് രണ്ടാമതുമാണ് അച്ചടിച്ചിരുന്നത്. ഈ രീതിയാണ് ജഗദീശ്വരിയെ ചൊടിപ്പിച്ചത്. വിവാദം തലപൊക്കിയതോടെ സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. മന്ത്രി കീർത്തനയുമായി ജഗദീശ്വരിക്കുള്ള അഭിപ്രായവ്യത്യാസങ്ങൾ നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ടെന്നും പാർട്ടിക്കുള്ളിൽ പ്രശ്നം പരിഹരിക്കാൻ ഇരുവരെയും ഉപദേശിച്ചതായും റിപ്പോർട്ടുണ്ട്.അതേസമയം, സർക്കാർ അധികാരത്തിലേറി അധികനാൾ പിന്നിടുന്നതിന് മുമ്പ് വിവാദങ്ങൾ തലപൊക്കിയതിൽ വിജയ്യ്ക്ക് അതൃപ്തിയുണ്ടെന്നണ് വിവരം.

ഈ സാഹചര്യത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തുടക്കത്തിൽ ഇങ്ങനെയൊരു രീതി അവലംബിച്ചാൽ പിന്നീട് സർക്കാരിന് വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്. എന്നിരുന്നാലും, നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടക്കാൻ സാദ്ധ്യതയില്ല.അതേസമയം, എഐഎഡിഎംകെയിലെ ഏഴ് സിറ്റിംഗ് എംഎൽഎമാർ ഇതുവരെ രാജിവച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഇതിനോടകം ടിവികെയിൽ ചേർന്നിട്ടുണ്ട്. ഒഴിവുള്ള ഈ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button