‘ആകെ പെട്ടു’, പഞ്ചാബ് മുഖ്യമന്ത്രി നിയമസഭയിലെത്തിയത് മദ്യപിച്ചെന്ന് ആരോപണം ; പഞ്ചാബിൽ രാഷ്ട്രീയ പോര്

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഗുരുതര ആരോപണവുമായി സ്വാതി മലിവാൾ എംപി. മൻ നിയമസഭയിൽ എത്തിയത് മദ്യപിച്ചാണെന്ന് ആരോപിച്ച സ്വാതി മലിവാൾ, പരിശോധനയ്ക്ക് തയ്യാറാകണമെന്നും തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. സഭയിൽ മൻ സംസാരിക്കുന്ന വീഡിയോ സഹിതം എക്സിൽ പങ്കുവെച്ചാണ് സ്വാതി മലിവാളിൻ്റെ ആരോപണം. എഎപിയുടെ രാജ്യസഭാ എംപിയായിരുന്ന സ്വാതി മലിവാൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എഎപി മുഖ്യമന്ത്രിക്കെതിരെ പുതിയ പോർമുഖം തുറന്ന് സ്വാതി മലിവാൾ രംഗത്തെത്തിയിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ, പഞ്ചാബ് നിയമസഭയിൽ ഇന്നും മദ്യലഹരിയിലാണ് എത്തിയതെന്ന് സ്വാതി മലിവാൾ ആരോപിച്ചു. ഈ മനുഷ്യൻ മദ്യപിച്ചാണ് ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പോകുന്നത്. മദ്യപിച്ചാണ് സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുന്നത്. കൂടുതൽ മദ്യപിച്ചതിനെ തുടർന്ന് വിമാനത്തിൽനിന്ന് വരെ ഇറക്കിവിട്ടിട്ടുണ്ടെന്നും സ്വാതി മലിവാൾ ആരോപണം തുടർന്നു.




