തൃശൂരിലെ പ്രിയദർശിനി ബസ് അപകടം; സ്ത്രീ മരിച്ചത് മകളെ ബസ് കയറ്റിവിട്ട് മടങ്ങുന്നതിനിടെ

തൃശൂർ: പുതുക്കാട് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്ക് നടന്ന് പോകുന്നതിനിടെയായിരുന്നു സ്ത്രീയെ ബസിടിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.
പുതുകാട് സെന്ററിലായിരുന്നു അപകടം. ചാലക്കുടിയിലേക്കുള്ള കെഎസ്ആർടിസി പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് സ്റ്റോപ്പിൽ നിന്ന് മുന്നിലേക്കെടുക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ബോധരഹിതനാവുകയായിരുന്നു. ഇതാണ് അപകടകാരണം.
ഡ്രൈവർ ബാബുവിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നിയന്ത്രണംവിട്ട ബസ് വഴിയിലൂടെ നടന്നുപോവുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ദേശീയപാതയോരത്തുള്ള ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡിൽ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നത് കണ്ട് ചായക്കടയുടെ മുന്നിൽ നിന്നവർ ചിതറിയോടി. ഓടുന്നതിനിടെ വീണ് ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്. സിന്ധുവിനെയും ഡ്രൈവർ ബാബുവിനെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധു മരിച്ചു.രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം മടങ്ങുകയായിരുന്നു സിന്ധു.
കനത്ത മഴയെത്തുടർന്ന് സീജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്ക് പോയത്. സാധാരണ ദിവസങ്ങളിൽ ദേശീയപാതയ്ക്ക് സമീപത്തുള്ള റോഡുവരെയാണ് സിന്ധു എത്താറുള്ളത്. അപകടസമയത്ത് ബസിൽ ഒരു യാത്രക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.




