
പിഎം ശ്രീ പോലുള്ള വിവാദ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായ വിയോജിപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഏറെ വിവാദമായിരുന്നു. കേന്ദ്ര ഫണ്ടുകള്‍ക്ക് വേണ്ടി, യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായുമുള്ള പ്രഖ്യാപിത നിലപാടില്‍ നിന്ന് വഴിമാറിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്.
പിഎംശ്രീ പദ്ധതി പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കും പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കും വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സന്ദേശം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളിന്മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. പാര്‍ട്ടിയുടെ രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളില്‍ സര്‍ക്കാര്‍ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യരുത് എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
സര്‍ക്കാരിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗിനും മറ്റ് മുസ്ലിം സംഘടനകള്‍ക്കുമിടയില്‍ ശക്തമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി ‘അറബിക്കടലില്‍ എറിയും’ എന്ന് ലീഗ് നേതാക്കള്‍ പ്രസ്താവിച്ചിരുന്നതാണ്. ‘ദേശീയ വിദ്യാഭ്യാസ നയം പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള വഴിയാണ് പിഎം ശ്രീ പദ്ധതി. ഇത് സ്കൂള്‍ പാഠ്യപദ്ധതിയിലേക്ക് സംഘപരിവാര്‍ പ്രത്യയശാസ്ത്രം കടന്നുവരുന്നതിന് വഴിയൊരുക്കും. കേരളത്തില്‍ അത് സംഭവിക്കാന്‍ അനുവദിക്കില്ല.’ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
മാത്രമല്ല, സംഘപരിവാര്‍ അജണ്ടയ്ക്ക് അനുസൃതമായി പിണറായി വിജയന് സര്‍ക്കാര്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ‘കാവിവല്‍ക്കരണം’ നടത്തിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു. ആ നിലപാടില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യുന്നത്, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.




