‘എൺപതിലധികം അശ്ലീല വീഡിയോകളും ചിത്രങ്ങളും’; ജയിലിൽ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു

ബംഗളൂരു: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ജനതാദാൾ എംപി പ്രജ്വൽ രേവണ്ണയുടെ മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധയിൽ ഈ ഫോണിൽ നിന്ന് എൺപതിലധികം അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടെത്തി. ജയിലിൽ ചില തടവുകാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഫോണും ചാർജറും ഒരു പെൻഡ്രൈവും കണ്ടെത്തിയത്.
ഫോൺ വിശദമായ ഫോറൻസിക് പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. എപ്പോഴാണ് ഈ വീഡിയോകൾ ഡൗൺലോഡ് ചെയ്തതെന്ന് കണ്ടെത്താനും ഫോണിന്റെ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും ഫോൺ വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.ആന്ധ്രാപ്രദേശിൽ നിന്നുള്ള സിമ്മാണ് പ്രജ്വൽ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ജയിലിനുള്ളിൽ സിഗ്നൽ ജാമറുകൾ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് ഫോൺ പ്രവർത്തിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തിൽ പ്രജ്വൽ രേവണ്ണയ്ക്കും വിചാരണത്തടവുകാരനായ പ്രതാപ് റായിക്കുമെതിരെ പൊലീസ് കേസെടുത്തു.അതേസമയം കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് അസിസ്റ്റൻഡ് ജയിൽ സൂപ്രണ്ട് ഇരണ്ണ രംഗപ്പൂരിനെ സസ്പെൻഡ് ചെയ്തു. ജയിൽ സൂപ്രണ്ടിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കർശനമായി നിരോധിച്ചിട്ടുള്ള മൊബൈൽ ഫോൺ എങ്ങനെയാണ് ജയിലിനുള്ളിൽ എത്തിയതെന്ന് കണ്ടെത്തുന്നതിനായി വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണ് പ്രജ്വലിന് ബംഗളൂരു കോടതി തടവുശിക്ഷ വിധിച്ചത്. അന്നുമുതൽ പരപ്പന ജയിലിലാണ് പ്രജ്വൽ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുപ്രചാരണസമയത്ത് പ്രജ്വൽ ഉൾപ്പെട്ട അശ്ലീലദൃശ്യങ്ങൾ ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ പ്രചരിച്ചിരുന്നു. വീഡിയോയിലുള്ള അതിജീവിതകൾ പരാതിനൽകിയതോടെയാണ് പ്രജ്വലിനെ പൊലീസ് അറസ്റ്റുചെയ്തത്.




