ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും’

തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷമെന്നും അദ്ദേഹം പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിന് അവസരമൊരുക്കിയത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്തത്. ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് പോലീസ് സ്റ്റേഷന്റെ വാതിലുകൾ തുറന്നുകൊടുക്കുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാണ്.
സ്റ്റേഷനിലെ എസ്‌എച്ച്‌ഒ തന്നെയാണ് ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് ഓണക്കോടി ഉൾപ്പെടെ വാങ്ങിനൽകിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പോലീസ് ഓഫീസേഴ്സ് യൂണിയൻ ഉൾപ്പെടെയുള്ളവർ അറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു ആഘോഷം നടന്നതെന്നും അനൂപ് ആന്റണി പറഞ്ഞു.
ആഭ്യന്തരമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ, ക്രിമിനലുകൾക്ക് പോലീസ് സ്റ്റേഷന്റെ വാതിലുകൾ തുറന്നിട്ട ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് പുറത്താക്കാനുള്ള ആർജവം കാണിക്കണം. പോലീസ് സ്റ്റേഷനുകളെ സിപിഎം നേതാക്കളുടെയും ക്രിമിനൽ സംഘങ്ങളുടെയും ആഘോഷവേദികളാക്കി മാറ്റാൻ അനുവദിക്കരുത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനശൈലിയിൽ മാറ്റമില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രിക്കാണ്. പോലീസിലെ സിപിഎം അനുകൂലികൾക്കും ക്രിമിനൽ സംഘങ്ങൾക്കും മുന്നിൽ മുട്ടുമടക്കാതെ നിയമവാഴ്ച ഉറപ്പാക്കാൻ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.




