ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് ഇത്തവണയും ബോണസ്. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ ജീവനക്കാർക്ക് കൂടുതലായി ലഭിക്കുന്നത്. എക്സൈസ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അഡ്വാൻസ് തുകയായി 50,000 രൂപ നൽകാനും യോഗത്തിൽ തീരുമാനമായി. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർദ്ധിപ്പിച്ച് 6250 രൂപയാക്കി. സ്വീപ്പർക്ക് 6,750 രൂപയും നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസായി 13,000 രൂപ നൽകാനും തീരുമാനിച്ചു.കഴിഞ്ഞ വർഷം മാർച്ച് 31ന് ബെവ്കോ 124.10 കോടി രൂപ ലാഭത്തിലായിരുന്നു.
എന്നാൽ ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ ഈ വർഷം മാർച്ച് 31ന് ബെവ്കോ 281.95 കോടി നഷ്‌ടത്തിലായി. ഗാലനേജ് വിഷയം ഗൗരവമായി പഠിച്ച് ഫിനാൻസ് ഡിപ്പാർട്‌മെന്റിലേക്ക് അയച്ച് അനുമതി വാങ്ങി കുറച്ചുകൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനൽകി. കഴിഞ്ഞവർഷവും ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ഓണത്തിന് റെക്കോർഡ് ബോണസാണ് നൽകിയത്. സ്ഥിരം ജീവനക്കാർക്ക് 102,500 രൂപയാണ് ബോണസായി അന്ന് ലഭിച്ചത്




