പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിച്ച ‘ഒടിയൻ’ പൂർത്തിയായി; രാഹുൽ സദാശിവൻ ചിത്രത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്!

പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രം ‘ഒടിയൻ’ ചിത്രീകരണം പൂർത്തിയായി. സെപ്റ്റംബർ 14-ന് ആരംഭിച്ച ചിത്രീകരണം ഏകദേശം രണ്ട് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാളം സംരംഭം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ചിത്രത്തിൽ പൃഥ്വിരാജിന് പത്ത് ദിവസത്തെയും മഞ്ജു വാരിയർക്ക് പതിനഞ്ച് ദിവസത്തെയും ചിത്രീകരണമാണ് ഉണ്ടായിരുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നത്. രാഹുൽ സദാശിവൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഭാഷണം ടി.ഡി. രാമകൃഷ്ണനും സംഗീതം ക്രിസ്റ്റോ സേവ്യറുമാണ് നിർവഹിക്കുന്നത്. “സത്യവും മായയും തമ്മിലുള്ള യുദ്ധം” എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
‘ഭൂതകാലം’, ‘ഡയീസ് ഈറൈ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. നേരത്തെ മോഹൻലാൽ നായകനായ ‘ഒടിയൻ’ എന്ന ചിത്രത്തിലും മഞ്ജു വാരിയർ ആയിരുന്നു നായിക. കൂടാതെ കല്യാണി പ്രിയദർശൻ ചിത്രമായ ‘ലോക’യിലും ദുൽഖർ സൽമാൻ അവതരിപ്പിച്ച ഒടിയൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




