News

അസമിൽ ആധാർ കാർഡിന് പുതിയ നിയന്ത്രണം; 18 വയസിന് മുകളിലുള്ളവർക്ക് കർശന പരിശോധന

ഗുവാഹത്തി: അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ കാർഡ് ലഭിക്കുന്നത് തടയാനാണ് നിർണായക നീക്കം. സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് പ്രഖ്യാപനം നടത്തിയത്. ആധാർ എൻറോൾമെൻ്റ് സംവിധാനത്തിൻ്റെ പ്രയോജനം അനധികൃത കുടിയേറ്റക്കാർക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് നടപടിയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

പുതിയ നയം അനുസരിച്ച്, 18 വയസ്സിന് താഴെ ഉള്ള അപേക്ഷകർക്ക് ആധാർ കാർഡ് അനുവദിക്കും. എന്നാൽ 18 വയസ്സിന് മുകളിലുള്ള അപേക്ഷകരെ പ്രത്യേക വെരിഫിക്കേഷൻ നടപടിക്രമങ്ങൾക്ക് വിധേയമാക്കും. ഇതിന് ശേഷം മാത്രമേ ആധാർ കാർഡ് അനുവദിക്കൂ. ഇത്തരം സാഹചര്യത്തിൽ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിക്കണം. ഇതിന്മേലുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും.

അതേസമയം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെയും ടീ ഗാർഡൻ കമ്യൂണിറ്റി അംഗങ്ങളെയും നിയന്ത്രണത്തത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് അടുത്ത മാർച്ച് വരെ ആധാർ എൻറോൾമെൻ്റിന് യോഗ്യത തുടരും.

ആധാർ എൻറോൾമെൻ്റ് നടപടിക്രമങ്ങളിലെ പഴുതകൾ അടയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ തുടരുന്ന നടപടിക്രമങ്ങൾ മുഖേന ആധാർ കാർഡ് അനുവദിക്കില്ലെന്നും 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും പരിഷ്കരിച്ച വേരിഫിക്കേഷൻ നടപടിക്രമങ്ങൾക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു. തിരിച്ചറിയൽ വേരിഫിക്കേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ആധാർ കാർഡ് സ്വീകരിക്കുന്നത് തടയുന്നതിനുമാണ് സർക്കാരിന്റെ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button