News
നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽനിന്നാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.




