നീറ്റ് യു.ജി പുനഃപരീക്ഷ: അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു; പരീക്ഷാ മാർഗനിർദേശങ്ങൾ കർശനമാക്കി എൻ.ടി.എ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച നീറ്റ് യു.ജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് NEET NTA Official Website വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
പരീക്ഷാ കേന്ദ്രം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ അഡ്മിറ്റ് കാർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹാൾ ടിക്കറ്റ് ഇല്ലാത്ത ഒരാളെയും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് എൻ.ടി.എ അറിയിച്ചു. അപേക്ഷ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ലഭ്യമാക്കാം.
പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം രാവിലെ 11 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ശേഷം പ്രവേശനം അനുവദിക്കില്ല. 1.45ന് ഇൻവിജിലേറ്റർമാർ ടെസ്റ്റ് ബുക്ക് ലെറ്റുകൾ വിതരണം ചെയ്യും.
ഇത്തവണ പരീക്ഷാ സമയം 195 മിനിറ്റായി വർധിപ്പിച്ചിട്ടുണ്ട്. റഫ് വർക്കിനായി മുൻപ് നൽകിയ രണ്ട് പേജുകൾക്ക് പകരം നാല് പേജുകൾ അനുവദിക്കുമെന്നും എൻ.ടി.എ വ്യക്തമാക്കി.




