News

അഭിരാം വധക്കേസ്: പ്രതികളുടെ മൊഴികളിൽ വൈരുധ്യം; കിണർ വറ്റിച്ച് തെളിവുകൾ തേടി പോലീസ്!

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിൽ പ്രതി ഉമറുമായി പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം പരിശോധനയ്ക്ക് എത്തിയത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുള്ള കിണറ്റിലെ വെള്ളം വറ്റിച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. കഴക്കൂട്ടം അഗ്‌നിരക്ഷാ സേനയും ചെങ്കൽചൂളയിൽ നിന്നുള്ള സ്‌കൂബാ സംഘവും ഇതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യം പ്രതി കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തെ മറ്റൊരു പുരയിടത്തിലുള്ള കിണറ്റിൽ കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും മറ്റും ഉണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്.

കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിത നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളും അന്വേഷണസംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട അഭിരാം സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ്, അഭിരാമിന്റെയും സുഹൃത്ത് അനന്ദയുടെയും മൊബൈൽ ഫോണുകൾ എന്നിവയാണ് പ്രധാനമായും കണ്ടെത്താനുള്ളത്.

തെളിവുകൾ നശിപ്പിക്കാനായി പ്രതികൾ പലവിധ മാർഗങ്ങൾ സ്വീകരിച്ചതായാണ് പോലീസ് കരുതുന്നത്. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ, ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു മറ്റൊരു പ്രതിയായ ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്. കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളിലും, പിന്നീട് സമീപത്തെ തെറ്റിയാർ തോട്ടിൽ സ്‌കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെയും മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ല.

അന്വേഷണത്തിന്റെ തുടക്കം മുതൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ, നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി ഉടൻതന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button