News

നീറ്റ് ചോദ്യപേപ്പർ ചോർച്ച: വീഴ്ച സമ്മതിച്ച് എൻടിഎ; പാർലമെന്ററി സമിതി വിശദീകരണം തേടി

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച സംഭവിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ പാർലമെന്ററി സമിതി എൻടിഎയോട് നിർദേശിച്ചു.

എൻടിഎ ഡയറക്ടർ, ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി എന്നിവർ ഉൾപ്പെടെയുള്ളവർ ഇന്ന് പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരായിരുന്നു. കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗ് അധ്യക്ഷനായ സമിതി വിളിച്ചുചേർത്ത യോഗത്തിലാണ് വിഷയത്തിൽ വിശദമായ ചർച്ച നടന്നത്. ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന യോഗത്തിനിടെയാണ് എൻടിഎ വീഴ്ച അംഗീകരിച്ചത്.

കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താൻ ശ്രമിച്ചിരുന്നെങ്കിലും സംവിധാനപരമായ വീഴ്ച സംഭവിച്ചതായി എൻടിഎ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ സമിതിയെ അറിയിച്ചു.

മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നേരത്തെ പരീക്ഷ റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനഃപരീക്ഷ നടത്താനാണ് തീരുമാനം. വീണ്ടും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പുതിയ രജിസ്‌ട്രേഷനും ഫീസും ആവശ്യമില്ലെന്നും മുൻപ് അടച്ച ഫീസ് തിരികെ നൽകുമെന്നും എൻടിഎ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button