നീറ്റ് പരീക്ഷാ ചോർച്ച! കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായ വീഴ്ചകളിൽ പ്രതിഷേധിച്ച് കൊക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരം ശക്തമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
രാജ്യത്തിന്റെ ഭാവി തകർക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും സുതാര്യത ഉറപ്പാക്കാനുമായി ആരംഭിച്ച സിജെപിയുടെ ഈ പ്രതിഷേധത്തിന് രാജ്യമെമ്പാടുമുള്ള യുവാക്കളിൽ നിന്നും വിദ്യാർത്ഥി സംഘടനകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ്, പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് എന്നിവർ സമരപ്പന്തലിൽ നേരിട്ടെത്തി സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതേസമയം, കേന്ദ്ര നയങ്ങൾക്കെതിരെയുള്ള തങ്ങളുടെ വേറിട്ട പ്രതിഷേധത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്തെത്തി. സമരത്തിന് നേതൃത്വം നൽകുന്ന തങ്ങളുടെ ഫോണുകൾ കേന്ദ്ര ഏജൻസികളുടെ കർശന നിരീക്ഷണത്തിലാണെന്നും, വാട്സാപ്പ് ചാറ്റുകളും കോളുകളും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കടുത്ത പോലീസ് നിയന്ത്രണങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളും ജനറേഷൻ ഇസഡ് പ്രതിനിധികളും സിജെപിയുടെ സമരത്തിൽ സജീവമായി പങ്കുചേരുന്നുണ്ട്.




