ഐസിസ് ഭീകരശൃംഖലയ്ക്കെതിരെ കേന്ദ്രത്തിന്റെ വൻ നടപടി; 253 പേർ പിടിയിൽ, കേരളത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഭഷഹ്സാദ് ഭട്ടി ഭീകര ശൃംഖല തകർത്തെന്ന് കേന്ദ്രം. ഐസിസുമായി ബന്ധമുള്ള 200ലേറെ പേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. 14 സംസ്ഥാനങ്ങളിൽനിന്നായി 253 പേരെ കസ്റ്റഡിയിലെടുത്തതിൽ രണ്ടുപേർ പിടിയിലായത് കേരളത്തിൽനിന്നെന്നാണ് വിവരം.
ഓഗസ്റ്റ് 12ന് കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസ് സേനകളും ചേർന്ന് വിവിധയിടങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും തമ്മിലുള്ള തത്സമയ വിവര കൈമാറ്റത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഗ്രനേഡ് ആക്രമണം, ഐഇഡി സ്ഫോടനം, പെട്രോൾ ബോംബ് ആക്രമണം, കൊലപാതകങ്ങൾ തുടങ്ങിയവയുമായി ഷഹ്സാദ് ഭട്ടി ശൃംഖലയ്ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പൊലീസ് സ്റ്റേഷനുകൾ, പ്രതിരോധ സ്ഥാപനങ്ങൾ, മതകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്താൻ പ്രദേശിക സംഘങ്ങൾക്ക് പണം നൽകിയിരുന്നതായും കണ്ടെത്തി. രാജ്യത്തിന്റെ വിവിധസ്ഥലങ്ങളിൽ നിരീക്ഷണങ്ങൾ നടത്തുന്നതിനായി ഇവർ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. റെയ്ഡിൽ ഐഇഡികൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, സിസിടിവി ക്യാമറകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറിയുടെ അടയാളങ്ങളുള്ള ഗ്രനേഡുകളുൾപ്പെടെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉത്തർപ്രദേശിൽനിന്നും 62 പേരാണ് പിടിയിലായത്. ഹരിയാനയിൽ 52, ഡൽഹിയിൽ 51, പഞ്ചാബിൽ 44, രാജസ്ഥാനിൽ 15, മഹാരാഷ്ട്രയിൽ എട്ട്, ഉത്തരാഖണ്ഡിൽ അഞ്ച് എന്നിങ്ങനെയാണ് കസ്റ്റഡിയിലായവരുടെ കണക്ക്. കർണാടക, ഗുജറാത്ത്, ബീഹാർ എന്നിവിടങ്ങളിൽനിന്ന് മൂന്ന് പേർ വീതവും തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും പിടിയിലായി.ശൃംഖലയുമായി ബന്ധപ്പെട്ട് ഇതുവരെ 80ലേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകരവാദത്തിനെതിരെ കേന്ദ്ര സർക്കാർ സ്വകരിക്കുന്ന ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി.




