
ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി എൻ ഷംസുദ്ദീൻ. മന്ത്രി പറയുന്നത് താൻ കേട്ടിട്ടില്ലെന്ന് എൻ ഷംസുദ്ദീൻ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്ന മുന്നണിയാണ് യുഡിഎഫ്. സി പി ജോണിനെ പോലെ മുതിർന്ന ഒരു നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ലെന്നും എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘അങ്ങനൊരു പരാമർശം ശ്രദ്ധയിൽ വന്നിട്ടില്ല. യാത്രയിലായിരുന്നു. എന്താണ് പറഞ്ഞതെന്ന് കേട്ടിട്ടില്ല. അതിനാൽ അതിൽ അഭിപ്രായം പറയുന്നില്ല. യുഡിഎഫ് ആയാലും ആരായാലും സ്ത്രീകളെ ബഹുമാനിക്കണം. പ്രത്യേകിച്ച് അവർക്ക് പ്രയാസമുണ്ടാക്കുന്ന പരാമർശം ഉണ്ടാകരുത്. അങ്ങനെ ഒരു അഭിപ്രായം അദ്ദേഹത്തിന് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. കാലങ്ങളായി മാന്യമായി പതിറ്റാണ്ടുകളായി പൊതുപ്രവർത്തനം നടത്തുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പരാമർശം ഉണ്ടാകുമെന്നോ, അല്ലെങ്കിൽ അദ്ദേഹം ബോധപൂർവം അങ്ങനെ ഒരു പരാമർശം നടത്തിയെന്നോ ഞാൻ വിശ്വസിക്കുന്നില്ല’- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പിഎം ശ്രീ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. പിഎം ശ്രീ ഉപസമിതി ചൊവ്വാഴ്ച ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും മന്ത്രിമാരെല്ലാം സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലാണ്. അതിനാൽ യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. സാഹചര്യം വിലയിരുത്തിയ ശേഷം യോഗത്തിന്റെ കാര്യം തീരുമാനിക്കും. മന്ത്രിസഭ യോഗത്തിൽ വിഷയം ഉയരും. ദുരിതാശ്വാസ ചർച്ചയ്ക്കാണ് നാളെ പ്രാധാന്യം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുന്നതില് ലീഗ് യുഡിഎഫ് തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.




