രാഷ്ട്രീയ സമരവും മുദ്രാവാക്യവും പാടില്ല; കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കരട് മാർഗരേഖയ്ക്കെതിരെ വ്യാപക പ്രതിഷേധം. കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള ശ്രമമാണ് ഈ കരട് മാർഗരേഖയെന്നാണ് ആരോപണം. ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്.
ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ നിർദേശങ്ങൾ. ഹൈക്കോടതിയുടെ നിർദേശവും ചാൻസലറായ ഗവർണറുടെ കത്തുമാണ് ഇതിന്റെ അടിസ്ഥാനം.ചട്ടം ലംഘിക്കുന്ന വിദ്യാർഥികൾക്ക് താക്കീത് നൽകുക, ടി.സി. നൽകി ഒഴിവാക്കുക, സസ്പെൻഷൻ, പുറത്താക്കൽ തുടങ്ങിയ അച്ചടക്ക നടപടികൾ സ്വീകരിക്കാം.
ഇതോടൊപ്പം പിഴയും ഈടാക്കും. വിദ്യാർഥി കുറഞ്ഞത് 5,000 രൂപയും, വിദ്യാർഥിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി 10,000 രൂപയും പിഴയായി നൽകേണ്ടി വരും. തുക അടയ്ക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടി നേരിടേണ്ടി വരും.എന്നാൽ ഇതിനെതിരെ എതിർപ്പുമായി ഇടത് വലത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. എന്നാൽ നിർദേശം അന്തിമമല്ലെന്നും ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് മാർഗരേഖയെന്നും വിസി മോഹനൻ കുന്നുമ്മൽ അറിയിച്ചു.




