മുട്ടിൽ മരംമുറി: വിവാദ ഉത്തരവ് ആദ്യം എത്തിയത് പ്രതികളുടെ കൈയിലോ? നിർണായക മൊഴി പുറത്ത്!

കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ നിർണായകമായേക്കാവുന്ന പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഒപ്പിട്ട വിവാദ ഉത്തരവ് അന്നത്തെ വയനാട് കളക്ടർക്ക് ലഭിക്കുന്നതിന് മുമ്പുതന്നെ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ലഭിച്ചിരുന്നുവെന്ന സൂചനയാണ് ഇപ്പോൾ ഉയരുന്നത്. ഉത്തരവ് കൈയിൽവെച്ച് മരം മുറിക്കാൻ കഴിയുമോയെന്ന് പ്രതികൾ തന്നെ അന്വേഷിച്ചിരുന്നതായാണ് അന്നത്തെ കളക്ടർ അദീല അബ്ദുള്ള പ്രത്യേക അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്.
ഉത്തരവിൽ വ്യക്തതക്കുറവുണ്ടായിരുന്നതിനാൽ അന്ന് തീരുമാനമെടുക്കാതെ എ.ഡി.എമ്മിനെ കാണാൻ നിർദേശിച്ചെന്നാണ് അദീല അബ്ദുള്ളയുടെ മൊഴി. ഉത്തരവ് ഉടൻ റദ്ദാക്കുമെന്നും അതിനുമുമ്പ് മരം മുറിക്കാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് പ്രതികൾ സമീപിച്ചിരുന്നതായി വനം ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
2020 ഒക്ടോബർ 10നാണ് വിവാദ ഉത്തരവിറങ്ങിയത്. പിന്നീട് 2021 ഫെബ്രുവരി രണ്ടിന് അത് റദ്ദാക്കി. ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ വലിയ തോതിൽ മരംമുറിക്കാനുള്ള ശ്രമം നടന്നിരുന്നോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. എറണാകുളം കരിമുകളിലെ മില്ലുടമയോട് അഗസ്റ്റിൻ സഹോദരങ്ങൾ പതിനായിരം ഘനമീറ്റർ മരം നൽകുമെന്ന് പറഞ്ഞിരുന്നതായാണ് വിവരം. എന്നാൽ 204 ഘനമീറ്റർ മരം മാത്രമാണ് മുറിച്ചുകടത്താൻ കഴിഞ്ഞത്.
മരംമുറിച്ചുകടത്തിയ സംഭവത്തിൽ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. അതേസമയം, ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. 2023ൽ ഭൂസംരക്ഷണ നിയമപ്രകാരം ഏഴുകോടി രൂപ പിഴയടയ്ക്കണമെന്ന് അന്നത്തെ കളക്ടർ പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും സർക്കാർതലത്തിൽ അതിന് വിലക്ക് വന്നതായും റിപ്പോർട്ടിൽ പറയുന്നു.
മരം കണ്ടുകെട്ടിയ ഉദ്യോഗസ്ഥർ മാറിയശേഷം വർഷങ്ങളോളം വനംവകുപ്പിന്റെ നടപടികൾ പ്രതികൾക്ക് അനുകൂലമായിരുന്നുവെന്ന ആരോപണവും നിലനിൽക്കുന്നു. അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്ടുവളപ്പിൽ മുറിച്ചിട്ട മരങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കുറ്റപത്രം വൈകിപ്പിച്ചതിന് പുറമെ സമർപ്പിച്ചപ്പോഴും ഗുരുതര വീഴ്ചകൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയതിലകിന്റെ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മരംമുറി നടന്നതായും ആരോപണമുണ്ട്. സൗത്ത് വയനാടിന് പുറമേ നേര്യമംഗലം, മച്ചാട്, പട്ടിക്കാട്, തട്ടേക്കാട്, മുള്ളരിങ്ങാട് വനമേഖലകളിൽനിന്നായി 1680 തേക്ക് മരങ്ങൾ പട്ടയഭൂമിയിൽനിന്ന് മുറിച്ചതായാണ് കണക്ക്. ഇതിൽ വയനാട്ടിൽനിന്നുൾപ്പെടെ ആകെ 628 ഘനമീറ്റർ മരം മാത്രമാണ് പിടിച്ചെടുത്തത്. വിവാദ ഉത്തരവ് ആദ്യം ആരുടെ കൈയിലെത്തി, അതിന്റെ അടിസ്ഥാനത്തിൽ എത്രത്തോളം മരംമുറി ആസൂത്രണം ചെയ്തിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇനി വ്യക്തത വരേണ്ടത്.




