KeralaNews

അവസാന ശ്വാസം വരെ പോരാടും : സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് നിലപാട് വ്യക്തമാക്കി മുഹമ്മദ് റിയാസ്

ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റിന് അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കരിമണൽ കമ്പനി എംഡി ശശിധരൻ കർത്ത, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ, ചന്ദ്രശേഖരൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. മേൽകോടതിയെ സമീപിക്കാൻ ഒരാഴ്ച സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയ്ക്ക് ചെയ്യാത്ത സേവനത്തിന് ലക്ഷങ്ങൾ നൽകിയെന്ന എസ്എഫ്ഐഒ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. കേസിൽ ഉദ്യോഗസ്ഥർക്ക് സമൻസ് നൽകുകയും റെയ്ഡും തുടങ്ങിയിതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന്‍റെ പേരിൽ പീഡിപ്പിക്കുന്ന എന്നും കമ്പനിയ്ക്കെതിരെ ഇഡി അന്വേഷണത്തിനുള്ള തെളിവുകളില്ലെന്നും ചൂണ്ടികാട്ടി ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button