Cinema

കൗബോയ് ലുക്കിൽ മോഹൻലാൽ; അമേരിക്കയിൽ ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്ന് മലയാളത്തിന്റെ സൂപ്പർസ്റ്റാർ

സിനിമയിലെ തിരക്കുകളിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കിനിടെ സ്റ്റേജ് ഷോകളുമായി യൂറോപ്പിൽ പര്യടനം നടത്തിയ താരം, ഇപ്പോൾ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനായി അമേരിക്കയിലാണ്. രണ്ട് സെമിഫൈനൽ മത്സരങ്ങളും നേരിട്ട് കാണാൻ ഗാലറിയിലെത്തിയ മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വെസ്റ്റേൺ കൗബോയ് വേഷത്തിൽ, എംബ്രോയ്ഡറി ചെയ്ത വൈറ്റ് ഫുൾ സ്ലീവ് ഷർട്ടും കൗബോയ് ഹാറ്റും ധരിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അമേരിക്കയിൽ നിന്ന് ലോകകപ്പ് ഗാലറികളിലെ മോഹൻലാലിന്റെ വീഡിയോകളും ചിത്രങ്ങളും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. അർജന്റീന-ഇംഗ്ലണ്ട് മത്സരം കാണാൻ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം എത്തിയത്. മത്സരശേഷം അർജന്റീന ആരാധകരുടെ ആഹ്ലാദപ്രകടനങ്ങൾ വീക്ഷിക്കുന്ന മോഹൻലാലിന്റെ വീഡിയോയും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അതേ മത്സരത്തിൽ ഫഹദ് ഫാസിലും സാന്നിധ്യമറിയിച്ചിരുന്നു. തിങ്കളാഴ്ച (20) ഇന്ത്യൻ സമയം അർധരാത്രി 12.30-ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അവസാനം തിയറ്ററിലെത്തിയ ‘ദൃശ്യം 3’ സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ നിന്ന് 238 കോടിയുടെ ഫൈനൽ ഗ്രോസാണ് സ്വന്തമാക്കിയത്. തരുൺ മൂർത്തിയുടെ ‘അതിമനോഹരം’ ആണ് മോഹൻലാലിന്റെ അടുത്ത വലിയ പ്രോജക്റ്റ്. ഇതിന് പുറമെ നിരവധി ചിത്രങ്ങളിൽ അതിഥി വേഷത്തിലും താരം എത്തുന്നുണ്ട്. വിസ്മയയുടെ അരങ്ങേറ്റ ചിത്രം, ഖലീഫ, കത്തനാർ, ജയിലർ 2, ഹൈവാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘നെടുങ്കണ്ടം മിറക്കിൾ’ എന്ന പുതിയ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button