News

ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ ടിഎംസിയിൽ വൻ പിളർപ്പ്; രൂക്ഷ വിമർശനവുമായി സിപിഐഎം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ഉണ്ടായ വൻ പിളർപ്പിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. തൃണമൂൽ കോൺഗ്രസിന്റെ പിളർപ്പ് പ്രതീക്ഷിച്ചിരുന്നതാണെന്നും ഇത്ര വേഗത്തിൽ അത് സംഭവിച്ചതിൽ അദ്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.ഐസ് ഉരുകുന്നതിനേക്കാൾ വേഗത്തിൽ തൃണമൂൽ കോൺഗ്രസ് ഉരുകിത്തീരുമെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇല്ലാത്ത ഒരു പാർട്ടിക്ക് അധികകാലം നിലനിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെ തോൽപ്പിക്കാനും ബിജെപി സഖ്യത്തിന് ബംഗാളിലേക്ക് വഴിതുറക്കാനും വേണ്ടി മാത്രമായി ഉണ്ടാക്കിയ താത്കാലിക സംവിധാനം മാത്രമായിരുന്നു ടിഎംസി. ആ ലക്ഷ്യം പൂർത്തിയായതോടെ അതിന്റെ കാലാവധി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും ലംഘിക്കാത്ത നിയമങ്ങൾ ഇന്ത്യയിലില്ലെന്നും കടുത്ത അഴിമതിയാണ് അവർ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമോ അച്ചടക്കമോ ഉണ്ടായിരുന്നില്ല. അധികാരത്തിന് വേണ്ടി മാത്രം ഒന്നിച്ചവരാണ് ടിഎംസിയിലുള്ളത്. ഇപ്പോൾ തൃണമൂലിനെ പിളർത്തിയ ഋതബ്രത ബാനർജി അടക്കമുള്ളവർ എല്ലാ കാലത്തും അധികാരത്തിനൊപ്പം മാത്രം നിൽക്കുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു. ഈ നേതാക്കൾ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്ത ചരിത്രമില്ല. അധികാരത്തിന് വേണ്ടിയാണ് അവർ ടിഎംസിയിൽ ചേർന്നത്. ഇപ്പോൾ അധികാരം മാറിയപ്പോൾ കേന്ദ്ര ഭരണകൂടത്തിന്റെ തണലിൽ സുരക്ഷിത താവളം തേടുകയാണ്. തങ്ങളുടെ നിയമവിരുദ്ധ സ്വത്തുക്കൾ സംരക്ഷിക്കാനും അന്വേഷണ ഏജൻസികളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ഒരു ഒത്തുതീർപ്പാണിത്. ഇതെല്ലാം ബിജെപി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി സുവേന്ദു അധികാരി കടുത്ത അഴിമതിയും പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന രീതിയും പഠിച്ചത് ടിഎംസിയിൽ നിന്നാണെന്നും സലിം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, ഫൽത മണ്ഡലത്തിൽ നടന്ന റീ-പോളിംഗിൽ വോട്ട് വിഹിതം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞത് ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ടിഎംസിയിലെയും ബിജെപിയിലെയും നേതാക്കൾ കൊട്ടാര രാഷ്ട്രീയത്തിലാണ് ശ്രദ്ധിക്കുന്നത്. എന്നാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത്, ബുൾഡോസർ രാഷ്ട്രീയത്തിനെതിരെയും ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെയും ഇന്ധനവില വർദ്ധനവിനെതിരെയും ജനങ്ങൾക്കൊപ്പം തെരുവിൽ പോരാടുന്നത് ഇടതുപക്ഷം മാത്രമാണ്. അതുവഴി പ്രതിപക്ഷ സ്ഥാനം ഇടതുപക്ഷം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button