ലോക്സഭയില്‍ പൊതുപരീക്ഷ ഭേദഗതി ബിൽ അവതരിപ്പിച്ചു

ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടയില്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള നിയമഭേദഗതി ബില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിന്മേലുള്ള ചര്‍ച്ച ആരംഭിക്കുന്നതിന് മുന്‍പ് പൊലീസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ചു.
പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് അതിക്രൂരമായി നേരിട്ട സംഭവത്തില്‍ അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഈ കോലാഹലങ്ങള്‍ക്കിടയിലാണ് കേന്ദ്ര പേഴ്സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്.
ബില്ലില്‍ ചര്‍ച്ച ആരംഭിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് ലോക്സഭ രണ്ട് മണിവരെ പിരിയുകയായിരുന്നു. വിദ്യാര്‍ത്ഥികളെ റോഡിലൂടെ വലിച്ചിഴച്ച് തല്ലിച്ചതക്കുകയാണ് പൊലീസ് ചെയ്തതെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ജോണ്‍ ബ്രിട്ടാസും രൂക്ഷമായി വിമര്‍ശിച്ചു.
ഇതിനിടെ, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെയും നിര്‍ണായക ഇടപെടലുകളുണ്ടായി. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്ര വിഷയം, ഇ20 പെട്രോള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ‘ഇ20 ജനത പാര്‍ട്ടി’ (ഇജെപി) എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ കൂട്ടായ്മകള്‍ ആരംഭിച്ചിട്ടുണ്ട്. എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ കാരണം വാഹനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പോസ്റ്റുകളും, ‘ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള അവകാശത്തിനായി പോരാട്ടം’ എന്ന മുദ്രാവാക്യവുമാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.




