രഹസ്യ ഭാഗത്ത് ഒളിപ്പിച്ച എംഡിഎംഎ; യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

തൃശൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 320 ഗ്രാം എം.ഡി.എം.എയുമായി യുവതികൾ ഉൾപ്പെടെ നാലുപേർ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ. ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. പാലക്കാട്ടെ റിസോർട്ടിൽ വച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്ക് മടങ്ങുന്നതിനിടെ യാത്രാമദ്ധ്യേയാണ് സംഘത്തിന് പിടി വീണത്.
പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. എം.ഡി.എം.എ ഉപയോഗിച്ച ശേഷമാണ് തൃശൂരിലേക്ക് യാത്ര തിരിച്ചത്. വഴിമദ്ധ്യേ വാണിയംപാറയിൽ വച്ച് പൊലീസ് ഇവരെ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ യുവതികളിൽ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടർന്ന് ഷിഫാസിന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു.
പൊലീസ് എത്തുന്നതിന് മുൻപ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് ഇവിടെ നിന്ന് വലിയ അളവിൽ എം.ഡി.എം.എ മാറ്റിയതായും പൊലീസ് കണ്ടെത്തി. തുടർന്ന് ചാവക്കാട് പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പിൽ നടത്തിയ റെയ്ഡിൽ 300 ഗ്രാം എം.ഡി.എം.എ പിടികൂടുകയായിരുന്നു. സുമേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് ശൃംഖലയിലെ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചുും വിതരണം ചെയ്യാൻ ഉദ്ദേശിച്ച കേന്ദ്രങ്ങളെ കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കി.




