
പാരിയത്തുകാവിലെ പൊലീസ് വേട്ടയില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ സ്ഥാനമേറ്റെടുത്തതിന്റെ മൂന്നാം നാളാണ് ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് രാജേഷ് പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുമ്പോഴും കോടതി വിധിയുണ്ടായിരുന്നെന്നും എന്നാല്‍ മാനുഷിക പരിഗണനയോടെയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികള്‍ കേട്ടാണ് ഭരണമാറ്റത്തിന്റെ, പുതുയുഗമാരംഭിക്കുന്നത്. നിയമത്തിന്റെ ഹൃദയശൂന്യമായ സാങ്കേതികത്വത്തിനുപരിയായി നീതിയുടെ മാനുഷിക പരിഗണനയുള്ള ഒരു സര്‍ക്കാര്‍ മുമ്പ് ഈ പ്രശ്‌നം കൈകാര്യം ചെയ്തതിന്റെ പാഠം ഉള്‍ക്കൊള്ളാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ പത്തുവര്‍ഷത്തെ അധികാര വരള്‍ച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീര്‍ക്കുകയല്ല’ എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
മുന്‍കാലങ്ങളിലെല്ലാം അവരെ നിരനിരയായി കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അവര്‍ക്കൊപ്പം ഉറച്ചു നിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആ മനുഷ്യര്‍ക്കൊപ്പം ഇടതുപക്ഷമുണ്ടാകും. അവരെപ്പോലെ അനീതി നേരിടുന്നവര്‍ക്കെല്ലാം ഒപ്പം തെരുവിലും സമരമുഖത്തും ഇടതുപക്ഷമുണ്ടാകുമെന്നും എം ബി രാജേഷ് പറഞ്ഞു.
60 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 ഏക്കര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഒഴിപ്പിച്ച ശേഷം അളന്നുതിരിക്കാനായിരുന്നു കോടതി നിര്‍ദേശം. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട ഭൂമിതര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പ് ഇയാള്‍ക്ക് അനുകൂലമായി വിധി വന്നിരുന്നു. 2023 സെപ്തംബറില്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അഭിഭാഷകന്‍ കമ്മീഷന്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. ഇത്തരത്തില്‍ പിന്നീടുള്ള 14 തവണയും ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പൊലീസ് സംഘവുമായി അഭിഭാഷക കമ്മീഷന്‍ വീണ്ടുമെത്തി ഒഴിപ്പിക്കല്‍ ആരംഭിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചതും. സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പൊലീസ് നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ നാളെ പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



