മണ്ണന്തല രഞ്ജിത്ത് വധക്കേസ്: എല്ലാ പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ!

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവിനും പിഴയ്‌ക്കും ശിക്ഷ. ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 12 പ്രതികളുള്ള കേസിൽ രണ്ടാം പ്രതി വെള്ളി നാരായണൻ വിചാരണ നേരിട്ടിരുന്നില്ല. ഇയാൾ ഒളിവിലാണ്. മറ്റ് 11 പ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.
2008 ഒക്ടോബർ 17ന് പുലർച്ചെ 5.50നാണ് ആർഎസ്എസ് പ്രവർത്തകനായ മണ്ണന്തല കോട്ടമുകൾ സ്വദേശി രഞ്ജിത്ത് കൊല്ലപ്പെട്ടത്. കോട്ടമുകളിലെ തന്റെ കടയായ വിനായക ഫ്രൂട്‌സ് ആൻഡ് വെജിറ്റബിൾസിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ടു കാറുകളിലും ബൈക്കിലുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2008 ഏപ്രിൽ ഒന്നിന് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിൽ വച്ച് സിപിഎം പ്രവർത്തകൻ വഞ്ചിയൂർ വിഷ്‌ണു കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് രഞ്ജിത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. വിഷ്‌ണു വധക്കേസിലെ മൂന്നാം പ്രതിയായിരുന്ന രഞ്ജിത്ത് ഉൾപ്പെടെയുള്ള 13 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.



