പൊലീസുകാരന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച; 12 പവൻ സ്വർണവും പണവും കവർന്നു

തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽനിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്. രാവിലെ 8.30നും വൈകിട്ട് 3.30നും ഇടയിലാണ് സംഭവം. ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും മൂന്ന് കുട്ടികൾ സ്കൂളിലേക്കും പോയ സമയത്താണ് മോഷണം നടന്നത്.
വൈകിട്ട് 3.30ഓടെ ഭാര്യയും കുട്ടികളും വീട്ടിലെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻ ജസ്നാദിനെയും നാട്ടുകാരെയും വെഞ്ഞാറമൂട് പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിനുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്താനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.



