വധശ്രമക്കേസ് പ്രതികൾക്കൊപ്പം ഉല്ലാസയാത്ര; പൊലീസുകാരന്റെ ചിത്രങ്ങൾ പുറത്ത്, നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

കണ്ണൂർ: വധശ്രമക്കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ ഉല്ലാസയാത്ര നടത്തിയെന്ന ആരോപണത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്. തളിപ്പറമ്പ് ശ്രീകണ്‌ഠപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസ് അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹിയുമായ ജയേഷിനെതിരെയാണ് യൂത്ത് കോൺഗ്രസ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
ശ്രീകണ്‌ഠപുരം നഗരസഭാ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾക്കൊപ്പം ജയേഷ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഈ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാതിരുന്നത് ജയേഷിന്റെ ഇടപെടൽ മൂലമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ആവശ്യപ്പെട്ടു.അതേസമയം, കാപ്പാ കേസ് പ്രതികളുമായി ബന്ധം പുലർത്തിയതിന് പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥൻ നിഷാന്ത് ചന്ദ്രനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. തിരുവല്ല സ്റ്റേഷനിൽ ജോലി ചെയ്യവേ ഇയാൾ ഗുണ്ടകളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് കണ്ണൂരിലും പൊലീസ് ഉദ്യോഗസ്ഥനെതിരെ സമാനമായ ആരോപണം ഉയർന്നിരിക്കുന്നത്.




