
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫിന്റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. ബുധനാഴ്ച തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച ജാഥ മൂന്നുദിവസത്തെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് തലസ്ഥാനത്ത് സമാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം ജാഥ പൂർത്തിയാക്കിയിരുന്നു. ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് അണിനിരക്കുക.
ഈ മാസം മൂന്നിന് തൃശ്ശൂരിലെ ചേലക്കരയിൽ നിന്നാണ് ജാഥ പ്രയാണം ആരംഭിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ആണ് ജാഥാ ക്യാപ്റ്റൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സി.എസ്. സുജാത അടക്കമുള്ള 13 പേരാണ് ജാഥാ അംഗങ്ങൾ. ഒന്നാം പിണറായി സർക്കാർ മുതൽ കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാർ നടപ്പിലാക്കിയ വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങളുമായി സംവദിക്കുകയായിരുന്നു ജാഥയുടെ മുഖ്യ ലക്ഷ്യം.
സർക്കാരിനെതിരെ പ്രതിപക്ഷവും ചില മാധ്യമങ്ങളും നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെയും ജാഥയിലൂടെ നേതാക്കൾ കൃത്യമായ മറുപടി നൽകി. എല്ലാദിവസവും ജില്ലാകേന്ദ്രങ്ങളിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ജാഥാ അംഗങ്ങളോട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.




