BlogKeralaNews

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. തുരങ്കം പ്രധാനപ്പെട്ടതാണെന്നും പദ്ധതി സംസ്ഥാനത്തിന്റെ ജീവരേഖയാണെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത്. അതിനാല്‍ ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വേണ്ടത്ര പാരിസ്ഥിതികാനുമതിയില്ലാതെയാണ് കാറ്റഗറി എയില്‍പ്പെട്ട പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത് എന്ന് ആരോപിച്ചാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിച്ചത്. അതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നും സ്റ്റേ ചെയ്യാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലില്‍ വാദം കേട്ടത്.

വിദഗ്ധരാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നത്. അതിനാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധാഭിപ്രായം കണക്കിലെടുക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാതെയാണ് നിര്‍മ്മിക്കാന്‍ പോകുന്നത് എന്നതാണ് കേന്ദ്രസര്‍ക്കാരിന്റേത് അടക്കമുള്ള വിദഗ്ധ സമിതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി

വിഷയത്തില്‍ സാധാരണക്കാരായ ആളുകള്‍ അല്ല, വിദഗ്ധരാണ് അഭിപ്രായം പറയേണ്ടതെന്നും കോടതി നിരീക്ഷിച്ചു. തുരങ്കപ്പാത പ്രധാനപ്പെട്ടതാണെന്നും തങ്ങള്‍ക്ക് ഈ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് ഈ പദ്ധതിയെന്നും കോടതി നിരീക്ഷിച്ചു. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനെ ഹര്‍ജിക്കാര്‍ക്ക് സമീപിക്കാവുന്നതാണ്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും പരിശോധിച്ച ശേഷമാണ് അനുമതി നല്‍കാറ്. പദ്ധതിയുടെ എല്ലാ വശങ്ങളെയും കുറിച്ച് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയും പരിശോധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കൃത്യമായ തീരുമാനമാണ് ഹൈക്കോടതി സ്വീകരിച്ചതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button