News

‘തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നില ഉയർത്തി, കല്ലറയിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ ബിജെപി’

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ഡിവിഷൻ ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തുവെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യമെന്നും അദ്ദേഹം പറഞ്ഞു. 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.

‘കഴിഞ്ഞ തവണ 748 വോട്ടിന് യുഡിഎഫ് വിജയിച്ച കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ഡിവിഷനിൽ 2940 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇത്തവണ എൽഡിഎഫിന് ജയിക്കാനായി. വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പാലക്കാട് ജില്ലയിലെ പല്ലശ്ശന ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞ തവണ 7085 വോട്ടിന് എൽഡിഎഫ് ജയിച്ചതാണ്. ഇത്തവണ 1658 വോട്ടിനാണ് ജയിച്ചത്. ഞങ്ങൾ പിടിച്ചെടുത്ത സ്ഥലത്ത് മാത്രമല്ല,​ കഴിഞ്ഞ തവണ ജയിച്ച സ്ഥലത്തും വലിയ ഭൂരിപക്ഷമാണ് നേടിയത്.

കല്ലറ ഡിവിഷൻ പരിശോധിക്കുമ്പോൾ 5683 വോട്ടിനാണ് കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ചത്. എന്നാൽ ഇത്തവണ അത് 3019 വോട്ടായി ചുരുങ്ങി. കല്ലറയിലെ വിജയത്തിന് പിന്നിൽ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണെന്ന് കാണാൻ കഴിയും. കഴിഞ്ഞതവണ ബിജെപിക്ക് ഇവിടെ 10081 വോട്ട് കിട്ടിയിരുന്നു. എന്നാൽ ഇത്തവണ ബിജെപിക്ക് 5828 വോട്ടാണ് കിട്ടിയത്.

അപ്പോൾ ബിജെപിക്ക് 4155 വോട്ടുകൾ കുറഞ്ഞയിടതാണ് 3019 വോട്ടിന് യുഡിഎഫ് ജയിച്ചത്. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് അവിടെ കാണുന്നത്. ഇനി ബ്ലോക്ക് പഞ്ചായത്തുകൾ പരിശോധിച്ചാൽ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലാണ് തിര‌ഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് ഉണ്ടായിരുന്ന എൽഡിഎഫിന് ഇപ്പോൾ അ‌‌ഞ്ച് സീറ്റായി ഉയർന്നു’- എംവി ഗോവിന്ദൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button