അർജന്റീനയുടെ കുതിപ്പിന് സാക്ഷിയായി ലാലേട്ടൻ; ഗാലറിയിൽ ആവേശമായി മോഹൻലാൽ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരെയുള്ള അർജന്റീനയുടെ ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്റെ സ്വന്തം റിയൽ ‘ഗോട്ട്’ മോഹൻലാൽ നേരിട്ടെത്തി. അമേരിക്കൻ കാൻസാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ അർജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് താരം ഗാലറിയിലെത്തിയത്. തന്റെ പ്രിയപ്പെട്ട ടീമായ അർജന്റീനയുടെ കളി കാണാൻ മോഹൻലാൽ നേരിട്ടെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.
മത്സരത്തിന് മുന്നോടിയായി ലയണൽ മെസിയുടെയും സംഘത്തിന്റെയും വാം അപ്പ് ദൃശ്യങ്ങൾ തന്റെ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ‘അതിമനോഹരം’ എന്ന സിനിമയിലെ താടിവടിച്ച് മീശ നീട്ടിവളർത്തിയ ലുക്കിലാണ് താരം പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ടത്.
അർജന്റീന ഫുട്ബോൾ ടീമിനോടും സൂപ്പർ താരം ലയണൽ മെസിയോടുമുള്ള തന്റെ കടുത്ത ആരാധന മോഹൻലാൽ മുമ്പും പലവട്ടം തുറന്നുപറഞ്ഞിട്ടുള്ളതാണ്. മെസി തന്റെ സ്വന്തം കൈപ്പടയിൽ ‘ലാലേട്ടൻ’ എന്ന് എഴുതി ഒപ്പിട്ട പത്താം നമ്പർ ജേഴ്‌സി ലഭിച്ചതിന്റെ സന്തോഷം താരം മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ, 2022-ൽ അർജന്റീന ലോകകപ്പ് കിരീടം ചൂടിയപ്പോഴും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് താരം നടത്തിയത്.
ഗാലറിയിൽ ലാലേട്ടന്റെ സാന്നിധ്യത്തിൽ നടന്ന ഈ കടുത്ത ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ, എക്‌സ്ട്രാ ടൈം വരെ നീണ്ട കളിയിലൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന സെമിഫൈനലിലേക്ക് യോഗ്യത നേടി. അർജന്റീനയ്ക്കായി അലക്‌സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലൗട്ടറോ മാർട്ടിനസ് എന്നിവരാണ് ഗോളുകൾ നേടിയത്. പ്രിയ താരത്തിന്റെ സാന്നിധ്യവും അർജന്റീനയുടെ തകർപ്പൻ വിജയവും ഒത്തുചേർന്നതോടെ മലയാളി ഫുട്ബോൾ ആരാധകർക്ക് ഈ ലോകകപ്പ് രാവ് ഇരട്ടി മധുരമുള്ളതായി മാറി.




