കുറ്റിപ്പുറം ബസ് ദുരന്തം: 100 കി.മീ. വേഗവും അക്വാപ്ലെയിനിങും അപകടത്തിന് കാരണമായെന്ന് കണ്ടെത്തൽ

മലപ്പുറം: കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയായ സ്വകാര്യ ബസ് അപകടത്തിൽ നിർണായക കണ്ടെത്തലുകൾ. അപകടസമയത്ത് ബസ് മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് സംയുക്ത പരിശോധനയിൽ കണ്ടെത്തിയത്. പരമാവധി 50 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിലാണ് ബസ് ഇരട്ടിവേഗത്തിൽ സഞ്ചരിച്ചിരുന്നത്.
അമിതവേഗത്തിൽ എത്തിയ ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മഴമൂലം റോഡിൽ രൂപപ്പെട്ട ജലപാളിയിലൂടെ ടയറുകളുടെ പിടിത്തം നഷ്ടപ്പെടുന്ന അക്വാപ്ലെയിനിങ് ഉണ്ടായതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി പരിശോധനയിൽ വ്യക്തമായി.
റോഡിന്റെ നിർമാണരീതിയും സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ച് വിശദമായ പഠനം നടത്തി രണ്ടാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് (എംവിഡി), പൊലീസ്, നാറ്റ്പാക്, ദേശീയപാത അതോറിറ്റി എന്നിവരുടെ സംയുക്ത പരിശോധന ഇതിനകം പൂർത്തിയായിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച തൃശൂർ–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ബസ് പൂർണമായും തകരുകയും ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.



