News

വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു; വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന് അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഗൺമാൻ അഭിലാഷ് മൊഴി നൽകിയതിന് പിന്നാലെ പൊലീസിൽ പരാതിയുമായി കെഎസ്‌യു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയത്. സമരക്കാർ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴി നൽകാൻ നിർബന്ധിച്ചത് വീണാ ജോർജാണെന്ന് ഗൺമാൻ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കെഎസ്‌യുവിന്റെ നീക്കം.

മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കുകയും വ്യാജ തെളിവുണ്ടാക്കി പൊതുസമൂഹത്തെ കബളിപ്പിക്കുകയും ചെയ്ത വീണാ ജോർജിനെതിരെ ഭാരതീയ ന്യായ സംഹിത 318(4) പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്ന് ഗൺമാൻ മൊഴി നൽകിയിരുന്നു. കൂടാതെ സംഭവസമയത്ത് മന്ത്രിക്കു സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും ആയുധം കൊണ്ടുള്ള ആക്രമണം നടന്നിട്ടില്ലെന്ന് തന്നെയാണ് മൊഴി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു വീണാ ജോർജിനെതിരെ കെഎസ്‌യു പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രിയെ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അടക്കം അഞ്ച് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ഇവർ രണ്ടാഴ്ച റിമാൻഡിലാകുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ ആയുധം കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഗൺമാന്റെ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കേസ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് തെളിഞ്ഞതായി കെഎസ്‌യു ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button