KSRTC സ്ത്രീകൾക്ക് സൗജന്യ യാത്ര: ഓർഡിനറി ബസുകളുടെ സബ് ക്ലാസ് പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് പട്ടിക അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനാണ് നടപടി.
ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുന്ന ഏഴ് പ്രധാന ബസ് സർവീസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന സർവീസുകൾ.
ഈ എല്ലാ സർവീസുകളിലും സ്ത്രീകൾക്ക് യാത്രാ സൗജന്യം ലഭ്യമാകുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. പുതിയ മാർഗനിർദേശങ്ങളോടെ പദ്ധതിയുടെ നടപ്പാക്കൽ കൂടുതൽ സുതാര്യമാക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
സൗജന്യ യാത്രാ ആനുകൂല്യം സംബന്ധിച്ച കൃത്യമായ പട്ടിക പുറത്തുവന്നതോടെ യാത്രക്കാരിൽ ഉണ്ടായിരുന്ന സംശയങ്ങൾക്ക് വ്യക്തത വന്നതായി വിലയിരുത്തപ്പെടുന്നു.




