News

കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവം; കാരണം മുട്ടയേറെന്ന് സംശയം

തിരുവനന്തപുരം: ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് സംശയം. അപകടത്തിന് കാരണം മുട്ടയേറെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. കഴിഞ്ഞ ദിവസം ഇതേപാതയിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസിൽ മുട്ടയേറ് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്തുനൽകി.

ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെന്ന് സംസ്ഥാന സർക്കാർ കർണാടകയോട് ആവശ്യപ്പെടും. അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അന്ന് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ബംഗളൂരു -മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിയിൽ രാത്രി ഒൻപത് മണിക്ക് ശേഷമായിരുന്നു മുട്ടയേറുണ്ടായത്.

ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കുള്ള ഡീലക്സ് ബസിന്റെ മുന്നിലെ ഗ്ളാസിനുനേരെയാണ് മോഷ്ടാക്കൾ മുട്ടയെറിഞ്ഞത്. സർവീസ് റോഡിൽ നിന്ന് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. കവർച്ചാ ശ്രമമാണെന്ന് മനസിലായതോടെ ബസ് ഒരു കിലോമീറ്റർ അപ്പുറത്ത് വെളിച്ചമുള്ള സ്ഥലത്ത് നിർത്തിയതായി ഡ്രൈവർ കാസർകോട് വെള്ളിക്കോത്ത് സ്വദേശി സുരേഷ് പറഞ്ഞു. ഇതുകണ്ട് അക്രമി സംഘം രക്ഷപ്പെട്ടു. തുടർന്ന് ഗ്ളാസ് വൃത്തിയാക്കിയതിനുശേഷമാണ് ബസ് യാത്ര തുടർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button