ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി വി ഡി സതീശന്

ഡല്‍ഹിയില്‍ കേരളത്തിന്റെ ‘യഥാര്‍ഥ അംബാസിഡര്‍മാരായി’ എല്ലാ എം പിമാരും ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ ചേര്‍ന്ന എം പിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ എം പിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേര്‍ക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് സംസ്ഥാനത്തിന്റെ മുന്‍ഗണനാവിഷയങ്ങള്‍ തയ്യാറാക്കി എം പിമാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങള്‍ക്കൊപ്പം കേരളത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ കൂടി ഉയര്‍ത്തിപ്പിടിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ എം പിമാര്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു.
കേരളം ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണ്. കേരളത്തില്‍ ഇപ്പോള്‍ വലിയ തരത്തിലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങളാണ് നടക്കുന്നത്. യുവജനങ്ങളുടെ എണ്ണം കുറയുകയും പ്രായമേറിയവരുടെ സംഖ്യ വലുതായി വരികയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമാണ് ഇതിന് പ്രധാന കാരണം. സംസ്ഥാനത്തിന്റെ ഇക്കോണമിയെയും പദ്ധതികളെയും ബാധിക്കുന്ന ഈ വിഷയം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലാദ്യമായി മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് കേരളത്തില്‍ രൂപീകരിച്ചത്. ഇതൊരു വെല്‍ഫെയര്‍ പ്രോജക്റ്റ് മാത്രമല്ലെന്നും മുതിര്‍ന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ സംസ്ഥാനത്തിന്റെ വികസനത്തില്‍ സജീവ പങ്കാളികളാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ ടെര്‍മിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റര്‍ കടല്‍ത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മുഴുവന്‍ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം. നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷന്‍ പ്രോജക്ടുകള്‍ ഗവണ്മെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




