
ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായിരിക്കില്ല. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് നീക്കം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന് ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.
വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയത്. ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ സാഹചര്യം കണക്കിലെടുത്തായിരുന്നു കെഎസ്ഇബിയുടെ നീക്കം. അപേക്ഷ പരിഗണിച്ച റെഗുലേറ്ററി കമ്മീഷന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിപിസി, പവര്‍ പള്‍സ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഓരോ കമ്പനികളില്‍ നിന്നായി 100 മെഗാവാട്ട് വൈദ്യുതി വീതമായിരിക്കും വാങ്ങുക. 200 മെഗാവാട്ട് വൈദ്യുതി 5.96 രൂപ അടിസ്ഥാനത്തിലാണ് വാങ്ങുന്നത്.




