News

കേരളമോ ഉത്തര്‍പ്രദേശോ? കിളിമാനൂരില്‍ ബിജെപി നേതാവിന്റെ സ്‌കൂളില്‍ പരസ്യമായി ദളിത് വിദ്യാര്‍ഥിയുടെ നാക്ക് വടിപ്പിച്ച് അധ്യാപകന്റെ ക്രൂരത

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ സഹപാഠികളുടെ മുന്നില്‍വെച്ച് ദളിത് വിദ്യാര്‍ഥിയെ പരിഹസിച്ച ശേഷം ഈര്‍ക്കില്‍ ഉപയോഗിച്ച് അധ്യാപകന്‍ നാക്ക് വടിപ്പിച്ചതായി പരാതി. വെള്ളല്ലൂര്‍ തേവലക്കാട് എസ്.എന്‍.യു.പി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു്.

മറ്റൊരു വിദ്യാര്‍ഥിയെക്കൊണ്ട് ഈര്‍ക്കില്‍ എടുപ്പിച്ചശേഷം ദളിത് വിദ്യാര്‍ഥിയോട് അതുപയോഗിച്ച് നാക്ക് വടിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. കുട്ടി കരഞ്ഞുകൊണ്ടാണ് ഈ പ്രവൃത്തി ചെയ്തതെന്നും സംഭവം കണ്ടുനിന്ന മറ്റു വിദ്യാര്‍ഥികളും മാനസികമായി അസ്വസ്ഥരായെന്നും കുട്ടികള്‍ കരഞ്ഞ് കൊണ്ട് തന്റെ സഹപാഠിക്ക് ഏറ്റ അപമാനം പ്രധാന അധ്യാപികയോട് പറഞ്ഞതായും വിവരങ്ങള്‍ വരുന്നുണ്ട്. ബിജെപി നേതാവ് തോട്ടയ്ക്കാട് ശശിയുടെ ഉടമസ്ഥതയിലുള്ള വെള്ളല്ലൂർ, തേവലക്കാട് എസ്. എൻ. യു. പി സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ സമാനമായ രീതിയില്‍ പഠനത്തില്‍ പിന്നാക്കാവസ്ഥയുള്ള മറ്റൊരു വിദ്യാര്‍ഥിക്കും ഇതേ അധ്യാപകനില്‍നിന്ന് ദുരനുഭവം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്.

സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഐ.സി.ഡി.എസ് പ്രതിനിധികള്‍ സ്‌കൂളിലെത്തി പ്രാകൃത നടപടിക്ക് ഇരയായ വിദ്യാര്‍ഥിയോടും ദൃക്‌സാക്ഷികളായ മറ്റു കുട്ടികളോടും സംസാരിച്ചു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ കൂടുതല്‍ നടപടികള്‍ എടുത്തില്ലെന്നും ആക്ഷേപമുണ്ട്. ബാലാവകാശ കമ്മീഷനില്‍ സ്‌കൂള്‍ അധികൃതരും പരാതി നല്‍കിയിട്ടുണ്ട്.

കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലാ അഡീഷണല്‍ വിദ്യാഭ്യാസ ഓഫീസര്‍ (എ.ഇ.ഒ) സ്‌കൂള്‍ സന്ദര്‍ശിച്ച് ദുരനുഭവം നേരിട്ട ദളിത്‌ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതായും ആരോപണമുണ്ട്. അതേസമയം സസ്‌പെന്‍ഷനിലായ അധ്യാപകന്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഇതിനുപുറമെ, അധ്യാപകന്‍ കുട്ടികളുടെ തോളില്‍ പിടിച്ച് ശക്തമായി കുലുക്കുന്ന പതിവുണ്ടെന്നും ഇതേത്തുടര്‍ന്ന് ചില കുട്ടികള്‍ക്ക് തലകറക്കവും തലവേദനയും അനുഭവപ്പെട്ടതായും ആരോപണം ഉയരുന്നു. ഇതേ അധ്യാപകന്‍ മണിക്കൂറുകളോളം പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും കുട്ടികളെ അനുവദിച്ചിരുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ അധ്യാപകനെതിരെ പരാതികള്‍ ഉന്നയിച്ചതായാണ് വിവരം.

അതേസമയം, സംഭവത്തിന്റെ ഗൗരവത്തിന് ആനുപാതികമായ തുടര്‍നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യം ഉയരുന്നുണ്ട്. അധ്യാപകനെ 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതൊഴിച്ചാല്‍ വിഷയത്തില്‍ സ്വീകരിച്ച മറ്റ് നടപടികളെക്കുറിച്ച് വ്യക്തതയില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ പരസ്യമായി അപമാനിക്കപ്പെട്ടുവെന്ന പരാതിയുണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകളുടെയും അധികാരികളുടെയും തലത്തില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കേണ്ടതുണ്ട്.

വിദ്യാര്‍ഥികളുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റാരോപിതനായ അധ്യാപകനെതിരായ പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button