News

മാനവീയം വീഥിയിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധം; നഗരസഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ അവിടെ നടക്കുന്ന കലാ-സാംസ്കാരിക പരിപാടികൾ നിരോധിക്കാനോ നഗരസഭയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണ് മാനവീയം വീഥിയെന്നും, ഇതിന്റെ നടത്തിപ്പവകാശം നഗരസഭയ്ക്ക് കൈമാറിയതായി തലസ്ഥാനവാസികൾക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാനവീയം വീഥിയിൽ ഏവർക്കും കലാ-സാംസ്കാരിക കൂട്ടായ്മകളും പരിപാടികളും സംഘടിപ്പിക്കാൻ പൂർണ്ണ അവകാശമുണ്ട്. എന്നാൽ അവിടുത്തെ അടിസ്ഥാന സങ്കൽപ്പങ്ങൾക്കും സംസ്കാരത്തിനും കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പരിപാടികൾ നടത്തേണ്ടത്. അവിടുത്തെ സ്ഥലങ്ങൾ അനധികൃതമായി കൈയ്യേറുന്നത് മാനവീയം വീഥിയുടെ യഥാർത്ഥ ലക്ഷ്യത്തിന് എതിരാണ്. അവിടെ നടക്കുന്ന സാംസ്കാരിക പരിപാടികളിൽ പങ്കുചേരുകയും അത് ആസ്വദിക്കുകയുമാണ് പൊതുജനങ്ങൾ ചെയ്യേണ്ടതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പ്രശസ്ത നടൻ പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധ പരിപാടിക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഫുട്പാത്ത് കൈയ്യേറി, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ സമരം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പോലീസ് കേസ്. ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കിടെ പോലീസ് എത്തി മൈക്ക് സെറ്റും സ്പീക്കർ ബോക്സും പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ എതിർപ്പിനെ തുടർന്ന് പോലീസ് പിന്മാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button