KeralaNews

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര, തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുജറാത്ത് തീരം മുതല്‍ മധ്യകേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് മഴ ശക്തമാകുന്നത്. ജൂലൈ 13 വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നതിനിടെ സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴക്കെടുതിയില്‍ മരണം ഉയരുകയാണ്. പുനെയിലെ കെട്ടിടാപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button