പെരുന്ന ശുദ്ധീകരിക്കണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ പരാമർശത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി

ന്യൂഡൽഹി: എൻഎസ്എസ് ആസ്ഥാനമായ പെരുന്ന ശുദ്ധീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ പരാമർശങ്ങളെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ട് മാസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന മന്നംസ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങിലെ പരാമർശങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ആഗോള നായർ സമ്മേളനം ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തന്റെ വാക്കുകൾ വളച്ചൊടിച്ചു. ശുദ്ധി എന്ന വാക്കുപോലും തെറ്റിദ്ധരിക്കപ്പെട്ടു. വന്ദേമാതരം ആലപിക്കുമ്പോൾ കൈകൾ ശുദ്ധിവരുത്തുന്നതിനെപ്പോലും ചിലർ വക്രീകരിച്ചു’- സുരേഷ് ഗോപി പറഞ്ഞു.ഗ്ലോബൽ നായർ സമാജവും എൻ.എസ്.എസ് ഡൽഹിയും സംയുക്തമായി സംഘടിപ്പിച്ച ആഗോള നായർ സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനംചെയ്തു.
ഡൽഹിയുടെ വളർച്ചയിൽ മലയാളികൾ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരുടെയും സംഭാവനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസിത് ഭാരത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഡൽഹി അനുദിനം വളർന്നുകൊണ്ടിരിക്കയാണ്. മലയാളികൾ കഠിനാധ്വാനികളാണെന്നും രേഖാ ഗുപ്ത പറഞ്ഞു. ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു




