KeralaNews

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയത് സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. വൈകീട്ട് നാലു മണിക്കാണ് കോടതി വിധി പ്രസ്താവിക്കുക. സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്.

സ്ഥലംമാറ്റത്തില്‍ ചട്ടലംഘനം ഇല്ലെന്നും, ഡോ. റീനയെ ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണ് എന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ തന്റെ സീനിയോറിറ്റി പൂര്‍ണ്ണമായി മറികടന്ന് എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായി തരംതാഴ്ത്തി ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്നാണ് ഡോ. റീന ആരോപിക്കുന്നത്.

കഴിഞ്ഞദിവസം ഹർജി പരി​ഗണിച്ച ഹൈക്കോടതി, ഡോ. കെജെ റീനയെ മാറ്റി നിർത്തിയ നടപടി റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. ഹൈക്കോടതി തീരുമാനം അനുസരിച്ച് വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ മുന്നോട്ട് പോകുകയെന്ന് സംസ്ഥാന സർക്കാരും ഡോ. കെജെ റീനയും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പകർച്ചവ്യാധി പടരുന്നതിനിടെ, ആരോഗ്യവകുപ്പിന്റെ തലപ്പത്ത് തുടരുന്ന കസേരകളി ഇതിനോടകം വലിയ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. ഡോ. റീനയ്ക്ക് പകരം അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിയ്ക്കാണ് ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത്. ട്രൈബ്യൂണൽ ഉത്തരവുമായി ഡോ. റീന ഓഫീസിലെത്തിയെങ്കിലും കസേര വിട്ടുനൽകാൻ ഡോ. മീനാക്ഷി കൂട്ടാക്കിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button