മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്!

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. കനത്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരത്തെ കരമനയാറ്റിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മത്സ്യബന്ധന വിലക്ക് ഇന്നും തുടരും.
നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് സൂചന. തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവരും നിലവിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു




