News

ഫുട്ബോൾ ഫ്ലെക്സിന് ലക്ഷങ്ങൾ; പള്ളിക്ക് പത്ത് രൂപ പോലും ഇല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

മലപ്പുറത്തെ ഫുട്ബോൾ ആവേശം അതിരുവിടുന്നതിനെതിരെ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ രംഗത്ത്. ലോകകപ്പ് കാലത്ത് ജില്ലയിൽ ഉയരുന്ന കൂറ്റൻ ഫ്ലെക്സ് ബോർഡുകൾക്കും കട്ടൗട്ടുകൾക്കുമെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. കളി കാണുന്നതിലോ കളിക്കുന്നതിലോ തെറ്റില്ലെങ്കിലും, അനാവശ്യ ധൂർത്തും വ്യക്തി ആരാധനയും അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

പള്ളിയിലേക്കോ മദ്രസയിലേക്കോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ വേണ്ടി പത്തുരൂപ ചോദിച്ചാൽ തരാൻ മടിക്കുന്നവരാണ് ഫ്ലെക്സ് അടിക്കാനും കട്ടൗട്ടുകൾ ഉയർത്താനും വേണ്ടി വൻതോതിൽ പണം ചെലവാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ലോകകപ്പിൽ കളിക്കുന്നുണ്ടെങ്കിൽ ഫ്ലെക്സ് വെക്കുന്നത് ശരിയെന്ന് കരുതാം.

എന്നാൽ ഇന്ത്യ അയൽവക്കത്ത് പോലും എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ താരാരാധന അനാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫുട്ബോൾ ഒരു കായിക വിനോദം മാത്രമാണ്. അതിനെ വ്യക്തി ആരാധനയിലേക്കും അനാവശ്യ ധൂർത്തിലേക്കും എത്തിക്കുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല. ഫുട്ബോൾ കളിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പോലും ഇല്ലാത്ത തരത്തിലുള്ള കടുത്ത ഫുട്ബോൾ ഭ്രാന്താണ് മലപ്പുറത്ത് കാണുന്നത്. ഇത്തരം അനാവശ്യ പ്രവണതകളിൽ നിന്ന് യുവാക്കൾ പിന്തിരിയണം.

ലക്ഷക്കണക്കിന് രൂപയാണ് ഓരോ ജംഗ്ഷനുകളിലും കട്ടൗട്ടുകൾക്കായി ആരാധകർ പിരിച്ചെടുക്കുന്നത്. ഈ പണം കൂടുതൽ ഉപകാരപ്രദമായ കാര്യങ്ങൾക്കായി വിനിയോഗിക്കണമെന്നാണ് അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെടുന്നത്. കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ പോലും നമ്മുടെ ആളുകൾ ഇത്തരത്തിൽ ഫ്ലെക്സുകൾ ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button