എ.എ. റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

കോഴിക്കോട്: എ എ റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദം കുട്ടി എന്നയാള്‍ക്ക് എതിരെയാണ് കേസെടുത്തത്.
കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്ഐ തടയും എന്ന് റഹീമിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയാണ് ആദംകുട്ടി. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്.
മുൻപും എ എ റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തത് റഹീമാണെന്ന് പ്രതി ജിതിന് ഭാസ്കര്‍ മൊഴി നല്‍കിയെന്നും വ്യാജ പ്രചരണമുണ്ടായി. അഗസ്റ്റിന് ചെറുപുഴ, സാജന് അല്‍ഫോണ്‍സ് എന്നീ പ്രൊഫൈലുകളില്‍ നിന്നായിരുന്നു പോസ്റ്റ്. ഇതിലും റഹീം പരാതി നല്‍കിയിരുന്നു. ഓപ്പറേഷന് തൂഫാനെതിരെ എ എ റഹീം രംഗത്തു വന്നു എന്ന വ്യാജ പ്രചരണവും നടന്നിരുന്നു. ഇതില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീകാന്ത് പള്ളിത്തോട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.



